കേരളത്തിലെ ഉന്നത വിദ്യാഭ്യാസം − ഒരു വിജ്ഞാന സമൂഹത്തിലേക്ക്
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വിഭവശേഷികളും സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പടിപടിയായി ഒരു വിജ്ഞാനസമൂഹം സൃഷ്ടിക്കുന്നതിലേക്ക് കേരള സർക്കാർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരള സംസ്ഥാനത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സമ്പ്രദായത്തിന്റെ പ്രധാന വശങ്ങൾ പരിശോധിച്ച ശ്യാം ബി. മേനോൻ കമ്മീഷന്റെ റിപ്പോർട്ടിൽ അഭിസംബോധന ചെയ്തിരിക്കുന്ന പ്രകാരം ഒരു വിജ്ഞാന സമൂഹത്തിലേക്ക് നയിക്കുന്ന വിവിധ പാതകൾ താഴെ പറയുന്നവയാണ്:
പ്രാപ്യതയും നീതിയും മെച്ചപ്പെടുത്തുക
കേരളത്തിന് ഇപ്പോൾത്തന്നെ ദേശീയ ശരാശരിയേക്കാൾ ഉയർന്ന (ജി.ഇ.ആർ) ഉണ്ട്. ഒഴിവാക്കപ്പെടലിന് ഇടയുള്ള മേഖലകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രാപ്തിയും നീതിയും കൂടുതൽ ഉറപ്പുവരുത്തിയിട്ടുണ്ട്. അതിന്റെ അർഥം സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക, കോളേജുകളുടെ വ്യാപനം വർദ്ധിപ്പിക്കുക, സാമൂഹിക സംഘങ്ങൾക്കിടയിൽ നീതി ഉറപ്പാക്കുക എന്നിവ നടപ്പിലാക്കിവരുന്നു എന്നതാണ്.
വിദ്യാഭ്യാസം നേടുന്നതിനുള്ള അനായാസത
സ്ഥാപനപരമായ രണ്ട് മാതൃകകൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് ഇത് നേടിയിട്ടുള്ളത്.
- അന്തസ്സോടുകൂടിയ വിദ്യാർത്ഥി ജീവിതവും അന്തസ്സോടുകൂടിയ അധ്യാപക ജീവിതവും.
- ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും അധ്യാപകരുടെയും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പുവരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ അവകാശ പത്രവും അധ്യാപകരുടെ അവകാശപത്രവും ഒരു നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരിക. അവരുടെ പ്രത്യേക അവകാശങ്ങളെയും അനിവാര്യ കാര്യങ്ങളെയും ആശ്രയിച്ചുകൊണ്ടുള്ള ഇതിന്റെ വിശദാംശങ്ങൾ ശ്യാം മേനോൻ റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.
പാഠ്യപദ്ധതി പരിഷ്കരണം
താഴെപ്പറയുന്നവ മുഖേനയാണ് ഇത് നിർവഹിക്കുന്നത്.
- സെമസ്റ്റർ സമ്പ്രദായം അതിന്റെ ശരിയായ അർഥത്തിൽ നടപ്പിലാക്കുക, അതായത് നിശ്ചിതകാലയളവിനേക്കാൾ ക്രെഡിറ്റുകൾക്ക് പ്രാമുഖ്യം നൽകുക.
- അധ്യാപകർക്ക് അധ്യാപകർ എന്ന നിലയിലുള്ള അവരുടെ തൊഴിൽ നിർവഹണത്തിന് നിർണായക പ്രാധാന്യമുള്ള മേഖലകളിൽ തങ്ങളുടെ കാര്യക്ഷമതയ്ക്ക് ആഴവും പരപ്പും വർദ്ധിപ്പിക്കുന്നത് സാധ്യമാക്കുന്നതിനായി കെ.എസ്.എച്ച്ഇ.ഡിയുടെ ആഭിമുഖ്യത്തിൽ കോഴ്സിന്റെ രൂപനിർണയം, സിലബസ് ഉണ്ടാക്കൽ, മൂല്യനിർണയം എന്നിങ്ങനെ പാഠ്യപദ്ധതി വികസനത്തിനുള്ള ക്ഷമത കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.
- 50 കോളേജുകളിൽ/ സർവ്വകലാശാലകളിൽ പ്രോജക്ട് രൂപത്തിലുള്ള പത്ത് നൂതന പരിപാടികൾ ആരംഭിക്കുക.
- ബിരുദപഠന പരിപാടിക്ക് നാലുവർഷ ഘടന കൊണ്ടുവരിക.
ശാസ്ത്രീയ ഗവേഷണവും നൂതനാവിഷ്കരണവും തയ്യാറെടുപ്പും
രാജ്യമെമ്പാടും നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തിലുള്ള വിദ്യാർത്ഥികളെ ചേർക്കലും അധ്യാപകരെ റിക്രൂട്ട് ചെയ്യലും പ്രോത്സാഹിപ്പിക്കുന്ന പുതിയ സ്ഥാപനങ്ങൾ താഴെപ്പറയുന്നവ പോലെ ഉള്ളവ നിർദ്ദേശിക്കുന്നു.
- കേരള ശാസ്ത്ര സാങ്കേതിക നൂതനാവിഷ്കരണ ഇൻസ്റ്റിറ്റ്യൂട്ട്
- കേരള വിജ്ഞാന കൺസോർഷ്യം (കൂട്ടുകെട്ട്) കേന്ദ്രങ്ങൾ
- വിജ്ഞാന ശാഖകളുടെ അതിരുകൾ അതിലംഘിക്കുന്ന കേന്ദ്രങ്ങൾ
- കേരള അപഗ്രഥന സേവന കേന്ദ്രങ്ങൾ
- കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക അക്കാദമി
- കേരള സെന്റർ ഫോർ അക്കാദമിക് കമ്പ്യൂട്ടിംഗ്.
- ഇവയ്ക്ക് പുറമേ ഗവേഷണ മികവിന് പ്രോത്സാഹനവും പാരിതോഷികവും നൽകുന്നതിനും ഗവേഷണത്തെയും നൂതനാവിഷ്കരണത്തെയും പരിപോഷിപ്പിക്കുന്നതിനും ആവിഷ്കരിക്കലും ഗവേഷണത്തിനും നൂതനാവിഷ്കരണ ങ്ങൾക്കും സൗകര്യം നൽകുന്ന വിധമുള്ള ഭരണപരമായ പരിഷ്കാരങ്ങൾക്കും വേണ്ടിയുള്ള സമഗ്രമായ പല പദ്ധതികളും ശ്യാം ബി. മേനോൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
സാമൂഹ്യശാസ്ത്രങ്ങളിലും മാനവിക വിഷയങ്ങളിലും ഭാഷകളിലും കലകളിലും ഉള്ള ഗവേഷണവും നൂതനാവിഷ്കരണങ്ങളും
എല്ലാ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിലവിലുള്ള സാമൂഹ്യ ശാസ്ത്രങ്ങളിലും മാനവിക വിഷയങ്ങളിലും ഭാഷകളിലും കലകളിലും ഉള്ള പഠന ഗവേഷണ പരിപാടികളെ ശക്തിപ്പെടുത്തുകയും നൂതനാവിഷ്കരണങ്ങൾ മുഖേനയുള്ള ഇടപെടലുകൾ നടത്തുവാൻ വേണ്ടിയുള്ള പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്യുക താഴെ പറയുന്നതുപോലെയുള്ള അനേകം പുതിയ സ്ഥാപനങ്ങൾക്കായി നിർദ്ദേശിച്ചിരിക്കുന്നു.
- കൂടുതൽ ഉയർന്ന അഡ്വാൻസ്ഡ് പഠനങ്ങൾക്കായുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട്
- നയസംബന്ധമായ പഠനങ്ങൾക്കായുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട്
- ലിംഗസമത്വത്തിന് ആയുള്ള ഇൻസ്റ്റിറ്റ്യൂട്ട്
- കാലാവസ്ഥാ മാറ്റം പഠിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ട്
- തദ്ദേശീയ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള കേന്ദ്രം
ഇതോടൊപ്പം തന്നെ, വിജ്ഞാനത്തിനുവേണ്ടി തദ്ദേശീയമായ ഭാഷകളുടെ വികസനത്തിനുവേണ്ടിയുള്ള വിവിധ മുൻകൈകൾ ഏറ്റെടുക്കുന്നു. കേരള ഭാഷ നെറ്റ്‌വർക്ക് പോലെയുള്ളതും ഭാഷാ പഠനത്തിനായുള്ള പല മുൻകൈകളും നിർദ്ദേശം ആയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ ആവാസ വ്യവസ്ഥ
അഫിലിയേഷൻ സമ്പ്രദായത്തിലുള്ള മാറ്റങ്ങൾ ഉൾപ്പെടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥ പരിഷ്കരിക്കുന്നതിന് വേണ്ടിയിട്ടുള്ള പല പരിഷ്കാരങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കോഴ്സ് ഡിസൈൻ, പാഠ്യപദ്ധതി നിർമ്മാണം, മൂല്യനിർണയം എന്നിവ കോളേജുകളിലേക്ക് വികേന്ദ്രീകരിക്കുവാൻ നിർദ്ദേശമുണ്ട്. അതിനുപുറമേ പാഠ്യപദ്ധതി, മൂല്യനിർണയം എന്നിങ്ങനെയുള്ള കാതലായ അക്കാദമിക പ്രക്രിയയുടെ സുപ്രധാന ഘടകങ്ങളുടെ വർദ്ധിച്ച നിയന്ത്രണവും ഉടമസ്ഥതയും ഉള്ള ഒരു സഞ്ചാരപഥത്തിലേക്ക് കോളേജുകളെ ഉദ്ധരിക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും വിഭവശേഷി പിന്തുണ തേടുന്നതിന് അടിസ്ഥാനമാകത്തക്ക വിധം തങ്ങളുടെ തനതായ സ്ഥാപന വികസന പദ്ധതിക്ക് രൂപം നൽകുവാനും ഓരോ സ്ഥാപനത്തോടും ആവശ്യപ്പെടാവുന്നതാണ്.
സർവ്വകലാശാല ഭരണം
ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം സർവ്വകലാശാലകളുടെ ഭരണപരമായ ഘടനയെ നിർവചിക്കുന്ന തത്വങ്ങൾ ഇവയാണ് - അക്കാദമിക സ്വാതന്ത്ര്യം, സാമ്പത്തിക സ്വയംഭരണം, ഉള്ളിൽ നിന്നുള്ള ഭരണം, ഭരണത്തിന്റെ അക്കാദമികവും ഭരണനിർവഹണപരവുമായ ഇഴകളെ വേർപെടുത്തൽ.
ഡിജിറ്റൽ അടിസ്ഥാന സൗകര്യവും ഗ്രന്ഥശാലാ ശൃംഖലകളും
സ്ഥാപനത്തിന്റെ തലത്തിൽ ഗ്രന്ഥശാല, അധ്യാപന-പഠനപ്രക്രിയയുടെ കേന്ദ്രഘടകം ആയിരിക്കേണ്ടതാണ്. ഇത് വെറുതെ ഉരുവിട്ട് കാണാപാഠം പഠിക്കലിന് പകരമായി ഗ്രന്ഥശാലയിലും പരിസരത്തും ഉള്ള വിഭവശേഷികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അർത്ഥവത്തായ പര്യവേഷണത്തെ കൊണ്ടുവരുന്നതിന് സഹായകമാവും. കൂടുതൽ ആകർഷകവും പര്യവേഷണപരവുമായ ക്ലാസ് റൂം ചലനാത്മകത വിലക്ഷണമായ ക്ലാസ് റൂം സമീപനത്തിന് അനുപൂരകമായി വരേണ്ടത് ആവശ്യമാണ്. ഇതിന്റെ ഫലമായി ബോധന പദ്ധതിയിലേക്ക് ഗ്രന്ഥശാല വിഭവശേഷികളെ ചിട്ടയോടുകൂടി ഉൾച്ചേർക്കുവാൻ സാധിക്കും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഒരു ഡിജിറ്റൽ അടിസ്ഥാന സൗകര്യസൃഷ്ടി നടത്താതെ കൂടുതൽ മെച്ചപ്പെട്ട ഒരു വിജ്ഞാനസമൂഹം കെട്ടിപ്പടുക്കാനുള്ള പരിശ്രമം പൂർണമാവുകയില്ല എന്ന കാര്യത്തിൽ ഒരു പൊതുസമ്മതം ഉണ്ട്.
ഫണ്ട് നൽകൽ
അടുത്ത 10 വർഷത്തിനുള്ളിൽ 60% (ജി.ഇ.ആർ) എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വയം നിലനിർത്തുന്ന വിഭാഗം എന്ന് വിളിക്കപ്പെട്ടിട്ടുള്ള ഒന്നിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതാണ്. സർക്കാരും ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യ പ്രോത്സാഹകരും കൂടിച്ചേർന്നുള്ള പരിശ്രമം ഇതിലേക്ക് ഉണ്ടാകേണ്ടതുണ്ട്. ഫീസ് യുക്തിയുക്തമാക്കുന്നതിനും അതേപോലെതന്നെ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് നേരിടുന്നതിന് സർക്കാർ ഗ്രാന്റും വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന ഫീസ് വരുമാനവും തമ്മിൽ കൂടുതൽ ഗുണകരമായ ഒരു സന്തുലനം കൊണ്ടുവരേണ്ടതിനുമുള്ള മാർഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
വിഭവസമാഹരണം
പുതുഫണ്ടിങ്ങിന്റെ മുഖ്യമായ പങ്ക് വിട്ടുവീഴ്ചയില്ലാത്ത ഒരു നയസവിശേഷതയായി പരിഗണിക്കേണ്ടതാണ്. അതേസമയം തന്നെ നയരൂപീകരണത്തിന്റെ കേന്ദ്രസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹ്യനിയന്ത്രണത്തോടുകൂടിയുള്ള സ്വകാര്യമേഖല പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യം നൽകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.